This is the registered bye-law of Grassroute written in the Malayalam Language. You need to have any Malayalam Language Unicode fonts installed on your device to view this page.
- സംഘത്തിന്റെ പേരു് – Grassroute (ഗ്രാസ്റൂട്ട്)
- ഓഫീസ് മേല്‍വിലാസം – VII/333C, എസ്.കെ. ടവേഴ്സ്, പഞ്ചായത്ത് ഓഫിസിനു് എതിര്‍വശം, നായരമ്പലം – 682509
- പ്രവര്‍ത്തനപരിധി – കേരള സംസ്ഥാനത്തില്‍ ഉടനീളം.
- ഉദ്ദേശ്യലക്ഷ്യങ്ങള്‍
- സുസ്ഥിരത (sustainability) എന്ന വീക്ഷണത്തിലൂന്നിയ പരിസ്ഥിതി സംരക്ഷണം, നദീതടസംരക്ഷണം, ചെറുതോടുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലാശയങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സാധാരണജനങ്ങളില്‍ ബോധവല്‍ക്കരണവും അവര്‍ക്കാവശ്യമായ സഹായസഹകരണങ്ങളും നല്‍കുക. അതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
- പരിസ്ഥിതിയെ മലിനീകരിക്കുന്നതിനെതിരെയുള്ള പ്രവര്‍ത്തനം. പ്രത്യേകിച്ചു് പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നതുമൂലം അവയുടെ നീരൊഴുക്കു തടസ്സപ്പെടുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിക്കല്‍.
- കടലോരമേഖലയില്‍ കണ്ടല്‍ത്തൈകളും മറ്റു് അനുയോജ്യമായ വൃക്ഷത്തൈകളും സസ്യങ്ങളും നട്ടുപിടിപ്പുിച്ചു് ജൈവവേലി നിര്‍മ്മിക്കുക. കടലാക്രമണം നേരിടുന്നതിനു് സുസ്ഥിരമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കുക, ബോധവത്കരിക്കുക, മുന്നിട്ടിറങ്ങുക.
- കായലോരങ്ങളിലും പുറമ്പോക്കുഭൂമിയിലും സാധ്യമായ ഇടങ്ങളിലും കണ്ടല്‍ത്തൈകളും മറ്റു് അനുയോജ്യമായ വൃക്ഷത്തൈകളും സസ്യങ്ങളും നട്ടുപിടിപ്പുിച്ചു് ജൈവവേലി / ഹരിത ആവാസവ്യവസ്ഥ നിര്‍മ്മിക്കുക.
- ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര മാപ്പിംഗ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കേരളത്തിന്റെ തീരമേഖലകളെയും കഴിയാവുന്ന മറ്റു ഇടങ്ങളെയും അടയാളപ്പെടുത്തുക.
- പ്രകൃതിദുരന്തങ്ങളാല്‍ വലയുന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുക, അവ ഏകോപിപ്പിക്കുക.
- പ്രവര്‍ത്തനമേഖലയിലെ ജനങ്ങളുടെ ഐശ്വര്യത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക
- അംഗങ്ങളുടെ ഇടയില്‍ സമത്വവും സാഹോദര്യവും വളര്‍ത്തുക
- പരിസ്ഥിതിസംരക്ഷണസംബന്ധമായ ചര്‍ച്ചാക്ലാസ്സുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുക
- രക്തദാനം, നേത്രദാനം, അവയവദാനം എന്നിവയെ പ്രോത്സാഹിപ്പിക്കുക.
- നാടിന്റെ സുസ്ഥിരത (sustainability) എന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ വികസനപ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ / പൊതുമേഖലാ / സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക
- വായനശാല, ഗ്രന്ഥശാലാ, പഠനകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിച്ചു് നാടിന്റെ പുരോഗതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക
- മദ്യം മയക്കുമരുന്നു് എന്നിവയുടെ ദൂഷ്യവശങ്ങളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക
- ദാരിദ്ര്യ നിർമാർജ്ജനം, അഗതികൾക്കും അശരണർക്കും വേണ്ടിയുള്ള പ്രവർത്തനം.
- പുതുതലമുറയിൽ സുസ്ഥിര വികസന(sustainable development)ത്തിൽ അധിഷ്ഠിതമായ ചിന്താഗതി വളർത്തിയെടുക്കുക.
- സ്കൂൾ/ കോളേജ് / യൂണിവേഴ്സിറ്റി തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കിടയിൽ വിദഗ്ദ്ധരുടെ പിന്തുണയോടെ പ്രകൃതി സംരക്ഷണ പ്രവർത്തങ്ങൾ ർമാർജ്ജനം, അഗതികൾക്കും അശരണർക്കും വേണ്ടിയുള്ള പ്രവർത്തനം.
- പുതുതലമുറയിൽ സുസ്ഥിര വികസന(sustainable development)ത്തിൽ അധിഷ്ഠിതമായ ചിന്താഗതി വളർത്തിയെടുക്കുക.
- സ്കൂൾ/ കോളേജ് / യൂണിവേഴ്സിറ്റി തലങ്ങളിലുള്ള
- ഉദ്ദേശ്യലക്ഷ്യങ്ങള്വിദ്യാർത്ഥികൾക്കിടയിൽ വിദഗ്ദ്ധരുടെ പിന്തുണയോടെ പ്രകൃതി സംരക്ഷണ പ്രവർത്തങ്ങൾ സംഘടിപ്പിക്കുക.
- അംഗത്വം
- സംഘത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള 18 വയസ്സ് പൂര്‍ത്തിയായ പൗരന്മാർക്കു സംഘത്തിന്റെ അംഗമായി ചേരാവുന്നതാണു്.
- മതം, ലിംഗം, വർണ്ണം, ജാതി, കക്ഷിരാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങൾക്ക് അതീതമായിരിക്കണം അംഗത്വം.
- സാധാരണ അംഗമായി ചേരുന്നവര്‍ ₹100 പ്രവേശനഫീസും തുടര്‍ന്നു് പ്രതിവര്‍ഷം ₹100 വരിസംഖ്യയൂം നല്കേണ്ടതാണു്.
- ആജീവനാന്ത അംഗമായി ചേരുന്നതി─നു ₹2500 ഒരുമിച്ചു നൽകേണ്ടതാണ്. അതിനു പ്രതിവർഷ വരിസംഖ്യ ഉണ്ടായിരിക്കുന്നതല്ല.
- അംഗമായി ചേരുന്നവര്‍ അംഗത്വ രജിസ്റ്ററില്‍ പേരും വിലാസവും മറ്റു വിവരങ്ങളും അംഗമായി ചേരുന്ന തീയതിയും ചേര്‍ത്തു് ഒപ്പുവയ്ക്കേണ്ടതാണു്
- അംഗത്വത്തിനുള്ള അപേക്ഷകള്‍ പരിശോധിച്ചു് അവയെപ്പറ്റി തീരുമാനമെടുക്കുവാനുള്ള അധികാരം ഭരണസമിതിയ്ക്കു് മാത്രമായിരിക്കും.
- അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരെ സംഘത്തിലെ ഏതെങ്കിലും ഒരു അംഗം പരിചയപ്പെടുത്തേണ്ടതാണു്.
- തുടർച്ചയായി മൂന്നു വര്‍ഷത്തിലധികം കാലം വരിസംഖ്യ മുടക്കമുള്ള യാതൊരാള്‍ക്കും വോട്ടു ചെയ്യുന്നതിനോ അംഗമായി തുടരുന്നതിനോ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത അംഗത്തിനു് നോട്ടീസ് നല്കി അംഗത്വത്തില്‍ നിന്നു പുറത്താക്കാവുന്നതാണു്.
- സംഘത്തിന്റെ നിയമാവലിയ്ക്കു് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേയും സംഘത്തിന്റെ സല്പ്പേരിനു് ദോഷം വരുത്തുന്നവരേയും ഗുരുതരമായ ക്രിമിനൽ നടപടികൾ നേരിടുന്നവരെയോ അംഗത്വത്തില്‍ നിന്നും ഒഴിവാക്കാന്‍ ഭരണസമിതിയ്ക്കു് അധികാരമുണ്ടായിരിക്കും.
- അംഗത്തിനു് സ്വയമേവ രാജി വയ്ക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണു്.
- പൊതുയോഗം
- സംഘത്തിന്റെ അംഗത്വ രജിസ്റ്ററില്‍ പേരുള്ള അംഗങ്ങള്‍ക്കു് നോട്ടീസ് നല്കി വിളിച്ചു കൂട്ടുന്ന യോഗത്തിനു് പൊതുയോഗം എന്നു പറയുന്നു.
- സംഘം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും പരമാധികാരം പൊതുയോഗത്തിനായിരിക്കും. പൊതുയോഗ തീരുമാനം അന്തിമവും, എല്ലാ അംഗങ്ങളും അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥവുമായിരിക്കും.
- പൊതുയോഗത്തില്‍ വാര്‍ഷികവരിസംഖ്യ കുടിശ്ശികയില്ലാത്ത എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കും.
- പൊതുയോഗത്തിന്റെ കോറം നിലവിലുള്ള അംഗങ്ങളുടെ മൂന്നിലൊന്നു ഭാഗം ആയിരിക്കും. ഏതെങ്കിലും കാരണവശാല്‍ കോറം തികയാതെ വരുന്ന പൊതുയോഗം അടുത്ത 15 ദിവസത്തിനുള്ളിൽ സൗകര്യപ്രദമായ ദിവസം ചേരാവുന്നതാണ്. ഈ പൊതുയോഗത്തിനു ഒരു ഹ്രസ്വകാല അറിയിപ്പ് ഉണ്ടായിരിക്കുന്നതാണ്. ഇങ്ങനെ ചേരുന്ന പൊതുയോഗത്തിനു കോറം ബാധകമല്ലാത്തതും ആയിരിക്കും.
- അംഗം ചുമതലപ്പെടുത്തുന്ന പ്രതിനിധിയ്ക്ക് പ്രോക്സി ആയി പൊതുയോഗത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രോക്സിയ്ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
- വാര്‍ഷികപൊതുയോഗം
- വാര്‍ഷിക പൊതുയോഗത്തിനു് രണ്ടാഴ്ച മുമ്പായി കാര്യപരിപാടി സഹിതം അംഗങ്ങള്‍ക്കു് നോട്ടീസ് നല്കേണ്ടതാണു്.
- വാര്‍ഷിക പൊതുയോഗത്തില്‍ വച്ചു് പുതിയ ഭരണസമിതി അംഗങ്ങളേയും വരവുചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനു് ഒരു ഇന്റേര്‍ണല്‍ ഓഡിറ്ററേയും തെരഞ്ഞെടുക്കേണ്ടതാണു്.
- പ്രവര്‍ത്തന റിപ്പോര്‍ട്ടു്, വരവു ചെലവു കണക്കു സ്റ്റേറ്റ്മെന്റ്, ബാലന്‍സ് ഷീറ്റ് മുതലായവ സെക്രട്ടറി വാര്‍ഷിക പൊതുയോഗത്തില്‍ അവതരിപ്പിച്ചു് പാസാക്കേണ്ടതാണു്.
- അസാധാരണ പൊതുയോഗം
- 25 ശതമാനത്തില്‍ കുറയാതെ അംഗങ്ങള്‍ രേഖാമൂലം കാരണസഹിതം ആവശ്യപ്പെടുകയാണെങ്കില് സെക്രട്ടറി അസാധാരണ പൊതുയോഗം വിളിച്ചു കൂട്ടേണ്ടതാണു്. ടി പൊതുയോഗത്തിനു് 7 ദിവസം മുമ്പ് പൊതുയോഗത്തിന്റെ അജണ്ട സഹിതം നോട്ടീസ് എല്ലാ അംഗങ്ങള്‍ക്കും നല്കേണ്ടതാണു്. പൊതുയോഗത്തില്‍ അജണ്ട പ്രകാരമുള്ള കാര്യങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂ. സെക്രട്ടറിയുടെ അഭാവത്തില്‍ പ്രസിഡണ്ടിനു് ഭരണസമിതിയുമായി ആലോചിച്ചു് പൊതുയോഗം വിളിച്ചു കൂട്ടാവുന്നതുമാണു്.
- അടിയന്തിര പൊതുയോഗം
- അടിയന്തിരമായി ഇടപെടേണ്ട സാഹചര്യങ്ങളില്‍ സെക്രട്ടറിയ്ക്ക് അടിയന്തിര പൊതുയോഗം വിളിച്ചു കൂട്ടാവുന്നതാണു്. ഇതിനു് പരമാവധി 2 ദിവസത്തെ അടിയന്തിരനോട്ടീസ് മതിയാകും.
- നോട്ടീസുകള്‍ / അറിയിപ്പുകള്
- എല്ലാ നോട്ടീസുകളും അറിയിപ്പുകളും ടെലിഗ്രാം / വാട്ട്സാപ്പ് / ഫേസ്ബുക്ക് / എസ്.എം.എസ്. / ഫോണ്‍ തുടങ്ങിയ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ലിഖിതരൂപത്തിലോ ശബ്ദ സന്ദേശമായോ ആയിരിക്കും നല്‍കുക.
- നിയമപ്രകാരം രേഖ ആവശ്യമായ കാര്യങ്ങള്‍ക്കു മാത്രമേ നോട്ടീസുകള്‍ തപാല്‍ മുഖേനയോ നേരിട്ടോ കടലാസ്സില്‍ രേഖാമൂലം അയയ്ക്കുകയുള്ളൂ.
- ഭരണസമിതി
- പൊതുയോഗം തെരഞ്ഞെടുക്കുന്ന പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടു്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, നാലു കമ്മറ്റി അംഗങ്ങൾ എന്നിവര്‍ സംഘത്തിന്റെ ഔദ്യോഗിക ഭാരവാഹികള്‍ ആയിരിക്കും.
- സംഘത്തിലെ ഒരംഗം ഭരണ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനു സംഘത്തിൽ രണ്ടു വർഷമെങ്കിലും അംഗത്വകാലാവധി പൂർത്തിയാക്കിയ സജീവ പ്രവർത്തകനായിരിക്കണം.
- ഭരണസമിതി മാസത്തില്‍ ഒരു തവണ യോഗം ചേരേണ്ടതാണു്.
- ഭരണസമിതിയുടെ കോറം മൊത്തം ഭരണസമിതി അംഗങ്ങളുടെ പകുതിയേക്കാള്‍ കൂടുതല്‍ ആയിരിക്കണം.
- തുടര്‍ച്ചയായി മൂന്നു ഭരണസമിതി യോഗങ്ങളില്‍ മതിയായ കാരണം കൂടാതെ ഹാജരാകാത്ത അംഗങ്ങളെ ഭരണസമിതിയില്‍ നിന്നു നീക്കം ചെയ്യാവുന്നതാണു്.
- ഭരണസമിതിയില്‍ ഉണ്ടാകുന്ന ഒഴിവു് പിന്നീടു കൂടുന്ന പൊതുയോഗത്തില്‍ വച്ചു് നികത്തേണ്ടതാണു്.
- രണ്ടു വര്‍ഷമായിരിക്കും ഭരണസമിതിയുടെ കാലാവധി.
- ഒരേ പദവിയില്‍ തുടര്‍ച്ചയായി 4 (രണ്ടു തവണ) വര്‍ഷത്തില്‍ കൂടുതല്‍ കാലം ഒരാള്‍ക്കു് ഭരണസമിതിയില്‍ തുടരാന്‍ കഴിയുന്നതല്ല.
- ഭരണസമിതിയുടെ അധികാരങ്ങളും ചുമതലകളും
- പൊതുയോഗ തീരുമാനങ്ങള്‍ക്കു് വിധേയമായി നിയമാവലിയനുസരിച്ചു് സംഘത്തിന്റെ ഭരണം നടത്തുക ഭരണസമിതിയാണു്.
- സംഘത്തിനു വേണ്ടി ധനാഗമമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക, ആവശ്യമായ സ്ഥാവരജംഗമ വസ്തുക്കള്‍ സ്ഥാപിച്ചു് നടത്തുക എന്നിവ ഭരണസമിതിയുടെ ചുമതലയാണു്.
- സംഘത്തിലേയ്ക്കു് അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണസമിതിയ്ക്കായിരിക്കും.
- അംഗങ്ങളില്‍ നിന്നും വരിസംഖ്യ ക്രമാനുസരണം പിരിച്ചെടുക്കേണ്ടതും വരവുചെലവു കണക്കുകള്‍ ക്രമപ്രകാരം സൂക്ഷിക്കേണ്ടതും ഭരണ സമിതിയുടെ ചുമതലയാണ്..
- സൊസൈറ്റി രജിസ്ട്രാര്‍ മുമ്പാകെ ഹാജരാക്കേണ്ടതായ രേഖകള്‍ സമായാസമയങ്ങളില്‍ ഹാജരാക്കേണ്ട ചുമതല ഭരണസമിതിയ്ക്കായിരിക്കും.
- പ്രസിഡണ്ട്
- പ്രസിഡണ്ടിനു് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടവും നിയന്ത്രണവും ഉണ്ടായിരിക്കേണ്ടതാണു്.
- പൊതുയോഗങ്ങളിലും ഭരണസമിതി യോഗങ്ങളിലും പ്രസിഡണ്ട് അദ്ധ്യക്ഷത വഹിക്കേണ്ടതും യോഗനടപടികളില്‍ ഒപ്പു വയ്ക്കേണ്ടതുമാണു്.
- വോട്ടെടുപ്പു സമയത്തു് വോട്ടുകള്‍ തുല്യമായി വന്നാല്‍ പ്രസിഡണ്ടിനു് കാസ്റ്റിംഗ് വോട്ട് ചെയ്യാവുന്നതാണു്.
- വൈസ് പ്രസിഡണ്ട്
- പ്രസിഡണ്ടിനെ ഭരണകാര്യങ്ങളില്‍ സഹായിക്കുക എന്നതാണ് വൈസ് പ്രസിഡണ്ടിന്റെ ചുമതല.
- പ്രസിഡണ്ടിന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ വൈസ് പ്രസിഡണ്ട് നിര്വ്വഹിക്കേണ്ടതാണു്. എന്നാല്‍ വൈസ് പ്രസിഡണ്ട് പ്രധാന രേഖകളില്‍ ഒപ്പുവയ്ക്കാന്‍ പാടുള്ളതല്ല.
- സെക്രട്ടറി
- ഭരണസമിതിയുടെ നിര്‍ദ്ദേശപ്രകാരം സംഘത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ചുമതല സെക്രട്ടറിയില്‍ നിക്ഷിപ്തമാണു്.
- പൊതുയോഗങ്ങളും ഭരണസമിതി യോഗങ്ങളും യഥാസമയം വിളിച്ചുകൂട്ടേണ്ടതു് സെക്രട്ടറിയാണു്.
- സംഘത്തിനു് ആവശ്യമുള്ള സകല റിക്കാര്‍ഡുകളും പൊതുയോഗങ്ങളുടേയും ഭരണസമിതിയോഗങ്ങളുടേയും മിനിട്ട്സ് എഴുതി സൂക്ഷിക്കുക, സംഘത്തിനെ സംബന്ധിച്ച സകല എഴുത്തുകുത്തുകളും നടത്തുക എന്നിവ ചെയ്യേണ്ടതു് സെക്രട്ടറിയാണു്.
- സംഘത്തിനു വേണ്ടി വ്യവഹാരങ്ങള്‍ നടത്തേണ്ടതു് സെക്രട്ടറിയാണു്.
- ഭരണസമിതി തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുവാനുള്ള ചുമതല സെക്രട്ടറിയ്ക്കായിരിക്കും.
- ജോയിന്റ് സെക്രട്ടറി
- സെക്രട്ടറിയെ ഭരണകാര്യങ്ങളില്‍ സഹായിക്കുക, സെക്രട്ടറിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നിവ ജോയിന്റ് സെക്രട്ടറിയുടെ ചുമതലയാണു്.
- ട്രഷറര്‍
- സംഘത്തിന്റെ വരിസംഖ്യ, മറ്റു തരത്തിലുള്ള വരവുകള്‍ എന്നിവ പിരിച്ചെടുക്കേണ്ടതു് ട്രഷററുടെ ചുമതലയാണു്.
- പണം സംബന്ധിച്ച സകല ഇടപാടുകളുടേയും ഉത്തരവാദിത്വം ട്രഷറര്ക്കായിരിക്കും
- സംഘത്തിന്റെ വരവുചിലവു കണക്കുകള്‍ കൃത്യമായി എഴുതി സൂക്ഷിക്കുക, ഔദ്യോഗിക രശീതികള്‍ ഒപ്പിട്ടു കൊടുക്കുക, പാസ്ബുക്കുകളും ചെക്കുബുക്കുകളും സൂക്ഷിക്കുക എന്നിവയും ട്രഷററുടെ ചുമതലയില്‍ പെടുന്നു.
- അടിയന്തിരാവശ്യങ്ങള്‍ക്കായി ₹10000 വരെയുള്ള സംഖ്യ ട്രഷററുടെ കൈവശം സൂക്ഷിക്കാവുന്നതാണു്.
- ഓഡിറ്റര്‍
- സംഘത്തിന്റെ വരവുചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിനായി ഭരണസമിതി അംഗമല്ലാത്ത ഒരാളെ പൊതുയോഗം ഓഡിറ്ററായി തെരഞ്ഞെടുക്കേണ്ടതാണു്.
- ഓഡിറ്റര്‍ വാര്‍ഷിക പൊതുയോഗത്തിനു മുമ്പായി വരവുചിലവു കണക്കുകള്‍ പരിശോധിച്ചു് സെക്രട്ടറിയ്ക്കു് പൊതുയോഗത്തില്‍ അവതരിപ്പിക്കാനായി കൈമാറേണ്ടതാണു്.
- സംഘത്തില്‍ സൂക്ഷിക്കേണ്ട റിക്കാര്‍ഡുകള്‍
- രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്
- നിയമാവലി
- മിനിട്ട്സ് പുസ്തകം
- അംഗങ്ങളുടെ പേരും വിലാസവും തൊഴിലുണ്ടെങ്കില് അതും അംഗമായിത്തീര്‍ന്ന തീയതിയും രേഖപ്പെടുത്തിയിട്ടുള്ള അംഗത്വ രജിസ്റ്റര്‍
- അതാതു കാലത്തെ 3 ഭരണസമിതി അംഗങ്ങള്‍ ഒപ്പു വച്ചിട്ടുള്ള ഓരോ വര്‍ഷത്തേയും വരവുചിലവു കണക്കുകളും ബാക്കിപത്രവും
- സംഘത്തിന്റെ ആസ്തി ബാധ്യതകള്‍ സംബന്ധിച്ചുള്ള ശരിയായ കണക്കുകള്‍ രേഖപ്പെടുത്തുന്ന പുസ്തകങ്ങള്‍
- സംഘത്തിന്റെ വരവിന്റേയും ചിലവിന്റേയും എല്ലാ തുകകളും ആ വരവു ചെലവുകള്‍ ഏതെല്ലാം ഇനങ്ങളില്‍ വന്നുകൂടുന്നുവോ ആ വക കാര്യങ്ങള്‍ രേഖപ്പടുത്തുന്ന അക്കൗണ്ട് ബുക്കുകള്‍
- രസീതു ബുക്കുകള്‍
- പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍
- സംഘത്തിനു വേണ്ടതായ മറ്റു റിക്കാര്‍ഡുകള്‍
- സംഘത്തിന്റെ ആസ്തി
- സംഘത്തിന്റെ വകയായ സ്ഥാവര ജംഗമ വസ്തുക്കള്‍ സംഘത്തിന്റെ അതതു കാലങ്ങളിലെ ഭരണസമിതിയില്‍ തല്ക്കാലത്തേയ്ക്കു് നിക്ഷിപ്തമായിരിക്കുന്നതാണു്.
- സംഘത്തിനുവേണ്ടി വാങ്ങുന്ന വസ്തുവഹകള്‍ അതതു കാലത്തെ പ്രസിഡണ്ടിന്റേയും സെക്രട്ടറിയുടേയും ട്രഷററുടേയും കൂട്ടായ പേരില്‍ വാങ്ങേണ്ടതാണു്.
- സംഘത്തിന്റെ ആസ്തി യാതൊരു കാരണവശാലും അംഗങ്ങള്‍ക്കിടയില്‍ വീതിക്കാന്‍ പാടില്ലാത്തതാകുന്നു.
- പ്രവര്‍ത്തന ഫണ്ട്
- സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗത്വഫീസ്, വരിസംഖ്യ, സംഭാവന, സര്‍ക്കാരില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങള്‍ എന്നിവയിലൂടെ ഫണ്ട് സ്വരൂപിക്കാവുന്നതാണു്.
- മേല്പ്ഫറഞ്ഞവയ്ക്കുപുറമേ പ്രവര്‍ത്തനഫണ്ട് സ്വരൂപിക്കുന്നതിനുള്ള വിവിധമാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും അതു നടപ്പിലാക്കുന്നതിനും ഭരണസമിതിയ്ക്കു് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
- സംഘത്തിന്റെ ഫണ്ട് സംഘത്തിന്റെ പേരിൽത്തന്നെ ഒരു അംഗീകൃത (സഹകരണ / ഷെഡ്യൂള്‍ഡ് / ദേശസാല്‍കൃത) ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണു്. പ്രസ്തുത ഫണ്ട് അതാതു കാലത്തെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവരായിരിക്കും കൈകാര്യം ചെയ്യേണ്ടത്.
- പൊതുയോഗ തീരുമാനങ്ങള്‍ക്കു വിധേയമായി സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനു് വേണ്ടിവരുന്ന ചിലവുകള്ക്കു് ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാവുന്നതാണു്.
- പ്രവര്‍ത്തന ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്ന പണത്തിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിക്കാന്‍ ഭരണസമിതി അംഗങ്ങള്‍ ബാദ്ധ്യസ്ഥരാണു്.
- സംഘത്തിന്റെ പ്രവര്‍ത്തനഫണ്ട് യാതൊരു കാരണവാശാലും അംഗങ്ങള്‍ക്കിടയില്‍ വീതിക്കുവാന്‍ പാടില്ല.
- സംഘത്തിന്റെ ഫണ്ട് സംഘത്തിന്റെ പദ്ധതിയിലുള്ള എന്തെങ്കിലുമൊരു ഉദ്ദേശ്യലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക.
- വാര്‍ഷിക റിട്ടേണ്‍സ് സമര്‍പ്പിക്കല്‍
- സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു് 14 ദിവസത്തിനകം പുതിയ വര്‍ഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളുടെ ലിസ്റ്റും പൊതുയോഗം പാസ്സാക്കിയ വരവു ചെലവു കണക്ക് സ്റ്റേറ്റ്മെന്റ്, ബാലന്‍സ് ഷീറ്റ് എന്നിവയുടെ ശരിപ്പകര്‍പ്പ് മൂന്നു ഭരണസമിതി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി സൊസൈറ്റി രജിസ്ട്രാര്ക്കു് സമര്‍പ്പിക്കേണ്ടതാണു്.
- നിയമാവലി ഭേദഗതി
- സംഘത്തിന്റെ മെമ്മോറാണ്ടത്തിലോ നിയമാവലിയിലോ ഭേദഗതി വരുത്തുന്നതിനു് ഭരണസമിതി തീരുമാനിക്കുന്ന പക്ഷം, ആ പ്രമേയം എഴുതിയോ അച്ചടിച്ചോ ഡിജിറ്റൽ മാധ്യമങ്ങൾ മുഖേനയോ അംഗങ്ങളെ അറിയിക്കേണ്ടതും അതിന്റെ പര്യാലോചനയ്ക്കായി 10 ദിവസത്തെ നോട്ടീസ് നല്കി പൊതുയോഗം വിളിച്ചു കൂട്ടേണ്ടതുമാണു്. ഈ പ്രമേയം അംഗങ്ങളില്‍ അഞ്ചില്‍ മൂന്നു ഭാഗം നല്കുന്ന വോട്ടുകള്‍ മൂലം ആദ്യത്തെ പൊതുയോഗത്തില്‍ അംഗീകരിച്ചതിനു ശേഷം ഒരു മാസത്തെ ഇടവിട്ടു് ഭരണസമിതി വിളിച്ചുകൂട്ടുന്ന രണ്ടാമതൊരു പ്രത്യേക പൊതുയോഗത്തില്‍ ഹാജരാകുന്ന അഞ്ചില്‍ മൂന്നു ഭാഗം അംഗങ്ങളുടെ വോട്ട് മൂലം പാസ്സാക്കി നടപ്പില്‍ വരുത്താവുന്നതാണു്. നിയമാവലി ഭേദഗതിയുടെ ഒരു കോപ്പി ശരിപ്പകര്പ്പാണെന്നു് ഭരണസമിതിയിലെ മൂന്നില്‍ കുറയാതെയുള്ള അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി പൊതുയോഗത്തിന്റെ തിയതി മുതല്‍ 14 ദിവസത്തിനകം സൊസൈറ്റി രജിസ്ട്രാര്‍ മുമ്പാകെ സമർപ്പിക്കേണ്ടതാണു്.
- സംഘം പിരിച്ചുവിടല്‍
- സംഘത്തിലെ അംഗങ്ങളില്‍ നാലില്‍ മൂന്നു ഭാഗത്തില്‍ കുറയാത്ത അംഗങ്ങള്‍ സംഘം പിരിച്ചവിടണമെന്നു തീര്ച്ചപ്പെടുത്തുന്ന പക്ഷം 1955-ലെ 12-ാമതു് തിരുക്കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്മ്മസംഘങ്ങളുടെ രജിസ്ട്രേഷന് ആക്ടിനു വിധേയമായി സംഘത്തിന്റെ സകല കടബാദ്ധ്യതകളും കൊടുത്തുതീര്‍ത്ത ശേഷം അവശേഷിക്കുന്ന സ്വത്തു് സമാന സ്വഭാവമുള്ള രജിസ്റ്റര്‍ ചെയ്ത മറ്റേതെങ്കിലും സംഘത്തിനോ അഥവാ സര്‍ക്കാരിലേയ്ക്കോ വിട്ടുകൊടുക്കേണ്ടതാണു്. അല്ലാതെ അംഗങ്ങള്‍ക്കിടയില്‍ വീതിച്ചെടുക്കുവാന്‍ പാടില്ലാത്തതാകുന്നു.
- 1955-ലെ 12-ാമതു് തിരുക്കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്മ്മസംഘങ്ങളുടെ രജിസ്ട്രേഷന് ആക്ടിലെ എല്ലാ വ്യവസ്ഥകളും ഈ സംഘത്തിനു് ബാധകമായിരിക്കും.
രണ്ടായിരത്തി ഇരുപത്തിയൊന്നാമാണ്ടു് ആഗസ്റ്റ് മാസം ഒന്നാം തീയതി ചേര്‍ന്ന സംഘത്തിന്റെ പൊതുയോഗത്തില്‍ വച്ചു് സര്‍വ്വ സമ്മതമായി അംഗീകരിച്ച നിയമാവലിയുടെ ശരിപ്പകര്പ്പാണു് എന്നു് സാക്ഷ്യപ്പെടുത്തുന്നു.